കോട്ടയം ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം ഏപ്രിൽ ഏഴിന്

കോട്ടയം: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ല സമ്പൂർണ ശുചിത്വപ്രഖ്യാപനം ഏപ്രിൽ ഏഴിന് വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാനത്തു നടക്കും. രണ്ടുവർഷമായി നടക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിനു വിജയകരമായ സമാപ്തി കുറിച്ചുകൊണ്ടാണ് മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നത്. പ്രഖ്യാപനത്തോടനുബന്ധിച്ചു വിപുലമായ റാലി സംഘടിപ്പിക്കും. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവു കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും. പ്രഖ്യാപനച്ചടങ്ങിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായ വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു.
പ്രഖ്യാപനവുമായി ബന്ധപ്പെട്ടു സെമിനാർ, കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങൾ, മാലിന്യനിർമാർജന ഉപകരണങ്ങളുടെ പ്രദർശനം, പഞ്ചായത്തുകളും നഗരസഭകളിലും നടന്ന മാതൃകാ പ്രവർത്തനങ്ങളുടെ അവതരണം എന്നിവ നടക്കും. മാർച്ച് 30ന് മുമ്പ് വാർഡ്തലപ്രഖ്യാപനങ്ങൾ പൂർത്തിയാക്കും. ഏപ്രിൽ മൂന്നിന് ബ്‌ളോക്ക് തല പ്രഖ്യാപനം നടക്കും.
പ്രഖ്യാപനവുമായി ബന്ധപ്പെട്ടു ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു സംഘാടകസമിതി രൂപീകരിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് ഉപരക്ഷാധികാരികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ചെയർപേഴ്‌സണും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംഘടനാഭാരവാഹികളായ പി.വി. സുനിൽ, മുകേഷ് കെ.മണി, കെ.സി. ബിജു, അജയൻ കെ മേനോൻ എന്നിവർ വൈസ് പ്രസിഡന്റുമാരുമാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് ജനറൽ കൺവീനർ. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, നവകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ്. ഐസക്ക്, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ ജോയിന്റ് കൺവീനർമാരാകും. എല്ലാ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയർപേഴ്‌സൺമാരും സംഘാടകസമിതി അംഗങ്ങളാണ്.
സംഘാടകസമിതി രൂപീകരണയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, പി.ആർ. അനുപമ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി സമ്പൂർണ ശുചിത്വപ്രഖ്യാപനച്ചടങ്ങിനായി ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണത്തിൽ സഹകരണ-തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.