കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്;റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിൽ
എല്ലാ ട്രെയിനുകൾക്കും കൊച്ചുവേളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കൊല്ലം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിൽ. പുനലൂര്‍-നാഗര്‍കോവില്‍ എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നീ തീവണ്ടികള്‍ക്ക് കൊച്ചുവേളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതാണ് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ പരിഗണനയിലുള്ളത്. താമസിയാതെ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
പുനലൂര്‍ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്ത് നിന്നും റീജണൽ കാൻസർ സെന്ററിലേയ്ക്കും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും ചികിത്സയ്ക്ക് പോകുന്നവരുടെയും ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ദിവസേന ജോലിക്ക് പോകുന്നവരുടെയും നിരന്തരമായ ആവശ്യമായിരുന്നു കൊച്ചുവേളിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ളത്.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരോടും റെയില്‍വേ അധികാരികളോടും എൻ.കെ. പ്രേമചന്ദ്രൻ എംപിയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ക്കും കൊച്ചുവേളിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളതായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിംഗ്, എന്‍.കെ. പ്രേമചന്ദ്രന് എം.പി യെ രേഖാമൂലം അറിയിച്ചു.