തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍നിന്ന് മയ്യഴി പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി
ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം
കണ്ണൂര്‍ : തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍നിന്ന് മയ്യഴി പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തു. പുഴയിലേക്ക് പെണ്‍കുട്ടികള്‍ ചാടുന്നത് കരയില്‍നിന്ന് കണ്ട പാത്തിക്കല്‍ സ്വദേശികളായ എം.എ. രാഗേഷ്, നടേമ്മല്‍ പ്രേമന്‍ എന്നിവര്‍ ഉടന്‍ തോണി തുഴഞ്ഞെത്തി കുട്ടികളെ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് പാത്തിക്കലുണ്ടായിരുന്ന നഴ്‌സ് പ്രാഥമികശുശ്രൂഷ നല്‍കി ചൊക്ലി മെഡിക്കല്‍ സെന്ററിലും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലുമെത്തിച്ചു.പെണ്‍കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ചൊക്ലി-ചോമ്പാല്‍ പോലീസ് സംഭവസ്ഥലത്തെത്തി. വീടുവിട്ട 19-ഉം 18-ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ ഞായറാഴ്ച രാവിലെ സ്‌കൂട്ടറില്‍ മാഹിയിലേക്ക് വരികയായിരുന്നു. ഉച്ചയോടെ മാഹി ബൈപാസ് റോഡില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് പുഴയിലേക്ക് ചാടുകയായിരുന്നു.