തിരഞ്ഞെടുപ്പുകാലത്തെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ നടത്തും
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്.കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽനിന്ന് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എ.സി.ലോഫ്ളോർ ബസുകളാണ് ഓടിക്കുക.തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽനിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് പാസഞ്ചറുകൾ സർവീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടർമാരുടെ സൗകര്യാർഥം വെഞ്ഞാറമൂട്, പേരൂർക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓർഡിനറി ബസുകളുമുണ്ടാകും.വോട്ട് ചെയ്യാൻ വിവിധ ജില്ലകളിലേക്ക് ആയിരക്കണക്കിനുപേർ പോകുമ്പോഴും വരുമ്പോഴുമുള്ള തിരക്കും വാരാന്ത്യത്തിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതും പരിഗണിച്ചാണ് അധികമായി ബസുകൾ ഓടിക്കുന്നത്.യാത്രക്കാരുടെ തിരക്ക് അധികമായാൽ ആവശ്യാനുസരണം ബസ് സർവീസുകൾ ക്രമീകരിക്കും. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലഭ്യതയും ഉറപ്പാക്കും. ഇവർക്ക് സർവീസ് സമയം ക്രമീകരിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.