ജീവിതകഥകൾ ഇനി തൊട്ടറിഞ്ഞ് വായിക്കാം; ബ്രെയിലി ലിപിയിൽ ആദ്യ പുസ്തകം ഒരുങ്ങി
മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സനു കുമ്മിളിന്റെ ആദ്യ പുസ്തകമായ ‘അവിരാമ’മാണ് ബ്രെയിലി ലിപിയിൽ പുറത്തിറങ്ങുന്നത്
തിരുവനന്തപുരം: പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇനി തൊട്ടറിഞ്ഞ് അകക്കണ്ണിന്റെ വെളിച്ചത്തിൽ വായിച്ചറിയാം. മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സനു കുമ്മിളിന്റെ ആദ്യ പുസ്തകമായ ‘അവിരാമ’മാണ് ബ്രെയിലി ലിപിയിൽ പുറത്തിറങ്ങുന്നത്. ‘വാരാദ്യ മാധ്യമ’ത്തിൽ എഴുതിയ ജീവിതകഥകളുടെ സമാഹാരമാണ് അവിരാമം.കാഴ്ചപരിമിതരുടെ ലിപിയായ ബ്രെയിലി ലിപിയിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ ജീവചരിത്ര കുറിപ്പ് കൂടിയാണ് അവിരാമം എന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് രാമനാട്ടുകര സേവാമന്ദിരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അയിഷ സമീഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ബ്രെയിലി ലിപിയിൽ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാൻ കാരണമായത്.കോഴിക്കോട് നടന്ന സാഹിത്യമേളയിൽ പോയ ആയിഷക്ക് അന്ധർക്ക് വേണ്ട ഒരുപുസ്തകം പോലും ലഭിച്ചിരുന്നില്ല. പാഠപുസ്തകങ്ങൾക്കപ്പുറം ബ്രെയിൽ ലിപിയിൽ വായന പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് സമ്മാനിക്കുന്നതായിരുന്നു അയിഷയുടെ ആ പോസ്റ്റ്.