അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സി.ഐ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി
നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സന്ദീപിന്‍റെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലക്കാട് എസ്.പി നിർദേശം നൽകി
പാലക്കാട്: അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സി.ഐ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സന്ദീപിന്‍റെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലക്കാട് എസ്.പി നിർദേശം നൽകി.ഈ മാസം 26 നായിരുന്നു സംഭവം. തുടർച്ചയായി ജോലി ചെയ്യുകയാണെന്നും 10 ദിവസം അവധി വേണെമെന്നുമായിരുന്നു പാടഗിരി സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ ആവശ്യം. ഒരു കാരണവശാലും അവധി അനുവദിക്കാനാവില്ലെന്നായിരുന്നു സി.ഐ കിരൺ സാമിന്‍റെ നിലപാട്. എങ്കിൽ മെഡിക്കൽ അവധിയെടുക്കുമെന്നായി സന്ദീപ്. അവധിയെടുത്താൽ പണിയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയ സി.ഐ, ‘പീറ പോലീസ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.പൊലീസ് സ്റ്റേഷനിൽനിന്ന് പോകാനിറങ്ങിയ സന്ദീപിന്‍റെ ബൈക്കിന്‍റെ താക്കോൽ സി.ഐ ഊരിമാറ്റി. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ ഷൊർണൂർ ഡി.വൈ.എസ്.പിക്ക് എസ്.പി നിർദേശം നൽകി. സി.ഐക്കെതിരെ പൊലീസിനകത്തുനിന്നും നാട്ടുകാരിൽനിന്നും ഇതിനുമുമ്പും പരാതി ഉയർന്നിട്ടുണ്ടെന്നാണ് വിവരം.