തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് നാഷനൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന എ പ്ലസ് പ്ലസ് ഗ്രേഡ്
3.56 സ്കോറോടെയാണ് ഗ്രേഡിങ്. യു.ജി.സി അംഗീകാരമുള്ള നാക് റേറ്റിങ്ങില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്.
തിരുവനന്തപുരം: തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് നാഷനൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന എ പ്ലസ് പ്ലസ് ഗ്രേഡ്. 3.56 സ്കോറോടെയാണ് ഗ്രേഡിങ്. യു.ജി.സി അംഗീകാരമുള്ള നാക് റേറ്റിങ്ങില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്.
3.51 മുതല്‍ നാലു വരെ സ്കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എ പ്ലസ് പ്ലസ് പദവി ലഭിക്കുന്നത്. നിലവില്‍ കേരള സർവകലാശാലക്ക് ഈ പദവി ഉണ്ട്. അഞ്ചാം സൈക്കിളിൽ എ പ്ലസ് പ്ലസ് ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ സ്വയംഭരണ കോളജ് കൂടിയാണ് മാര്‍ ഇവാനിയോസ്. നിലവിൽ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ കോളജിന് 45ാം റാങ്കുണ്ട്. കഴിഞ്ഞ ജൂൺ 23, 24 തീയതികളിൽ നാക് വിദഗ്ധസംഘം കോളജിലെത്തി നടത്തിയ അവസാനഘട്ട വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്. പാഠ്യപദ്ധതി, ബോധനരീതി, ഗവേഷണം, അടിസ്ഥാനസൗകര്യം, വിദ്യാർഥികളുടെ പഠനപുരോഗതി, കോളജ് നടത്തിപ്പ്, അനുകരണീയ മാതൃകകൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി സ്ഥാപനത്തിന്റെ പ്രകടനം വിലയിരുത്തിയാണ് ഗ്രേഡ് നിർണയിക്കുന്നത്. മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ 64 ശതമാനവും പെൺകുട്ടികളാണ്.
2014ൽ കേരളത്തിൽ ആദ്യമായി സ്വയംഭരണപദവി ലഭിച്ച കോളജുകളിലൊന്നാണ് മാർ ഇവാനിയോസ്. മലങ്കര സുറിയാനി കത്തോലിക്കസഭയുടെ നിയന്ത്രണത്തിലുള്ള കോളജിന്റെ രക്ഷാധികാരിയും മാനേജരും മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ്.