തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ്; തിരിച്ചയച്ച് ഗവര്‍ണര്‍
മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സർക്കാറിനെതിരെ വീണ്ടും ഉടക്കി ഗവർണർ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിപ്പോൾ മടക്കിയയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നാണ് ഗവർണർ പറയുന്നത്. ഈ സാഹചര്യത്തിൽ അനുമതി നൽകണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്.സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള കരട് ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ അംഗീകാരം നൽകിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനമായിരിക്കും നടക്കുക. ഇതുവഴി ചുരുങ്ങിയത് 1200 വാർഡുകളെങ്കിലും വർധിക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന ഇലക്ഷൻ കമീഷണർ എ. ഷാജഹാൻ അധ്യക്ഷനായ അഞ്ചംഗ കമീഷൻ (ഡീലിമിറ്റേഷൻ കമീഷൻ) രൂപവത്കരിക്കും. ചെയർമാന് പുറമെ, സർക്കാർ നിർദേശിക്കുന്ന നാല് ഗവ. സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഇതിൽ തദ്ദേശവകുപ്പ്, റവന്യൂ വകുപ്പ് സെക്രട്ടിമാർ ഉൾപ്പെടെ അംഗങ്ങളായേക്കും.വിഭജന നടപടികൾക്ക് ഡീലിമിറ്റേഷൻ കമീഷൻ മാർഗരേഖ തയാറാക്കും. മാർഗരേഖ പ്രകാരം നിലവിലുള്ള വാർഡുകൾ ജനസംഖ്യ, സ്വഭാവിക അതിരുകൾ തുടങ്ങിയവയുടെ പരിഗണനയിൽ വിഭജിച്ച് രൂപരേഖ തയാറാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകും. ഇതുപ്രകാരം പുതിയ വാർഡുകളുടെ മാപ്പ് തയാറാക്കും. ഇത് കരടായി കമീഷൻ പ്രസിദ്ധീകരിക്കുകയും ചെയ്യും. കരടിൽ പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളും പരാതികളും ക്ഷണിക്കും. പരാതികളിൽ ആവശ്യമെങ്കിൽ ഡീലിമിറ്റേഷൻ കമീഷൻ ജില്ല ആസ്ഥാനങ്ങളിൽ സിറ്റിങ് നടത്തി പട്ടിക അന്തിമമാക്കും. ഇതു വിജ്ഞാപനം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറും.