നിയമസഭാസമ്മേളനം: ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും.
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ 11-ാം സമ്മേളനത്തില്‍ ഇന്ന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 2024- 25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകളും വോട്ടെടുപ്പുമാണ് സഭാസമ്മേളനത്തിന്റെ പ്രധാന അജണ്ട.മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. വിഷയം ശൂന്യവേളയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആയുധമാക്കും. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് ചര്‍ച്ചകള്‍ കൂടാതെ പാസാക്കിയ സര്‍ക്കാര്‍ നടപടിയും പ്രതിപക്ഷം ഉയര്‍ത്തും. വിഷയത്തില്‍ റൂളിംഗ് ആവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരുന്നു.പ്രതിപക്ഷ പ്രതിഷേധത്തിനിടെ തദ്ദേശ വാര്‍ഡ് വിഭജന ബില്‍ തിങ്കളാഴ്ച അഞ്ച് മിനിറ്റില്‍ നിയമസഭ പാസാക്കുകയായിരുന്നു. തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള രണ്ട് ബില്ലുകളാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അതിവേഗത്തില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുത്തത്. ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയ സമയത്താണ് ബില്ല് പരിഗണനയ്ക്കെടുത്തത്. ഇതോടെ അതിവേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.അതേ സമയം, ബാര്‍കോഴ വിവാദത്തിന്റെ തുടര്‍ പ്രതികരണങ്ങളും സഭയില്‍ ഉണ്ടാകും. നിയമസഭക്കകത്തും പുറത്തും വിഷയം ഒരുപോലെ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമ സഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ജുഡീഷ്യല്‍ അന്വേഷണവും എക്സൈസ്, ടൂറിസം മന്ത്രിമാരുടെ രാജിയുമാണ് മുഖ്യ ആവശ്യം.