ചിക്കന്‍ ഡ്രം സ്റ്റിക്സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍
കുടുംബശ്രീ കേരള ചിക്കന്‍
തിരുവനന്തപുരം: ന്യായവിലയ്‌ക്ക് കോഴിയിറച്ചി ലഭ്യമാക്കി 2019 മുതല്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കേരള ചിക്കന്റെ ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്. ‘കുടുംബശ്രീ കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങളാണ് വിപണിയിലിറക്കുക.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഡിസംബര്‍ 10 ന് സെക്രട്ടേറിയറ്റ് നവകൈരളി ഹാളില്‍ ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉല്‍പന്നങ്ങള്‍ ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് ചിക്കന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.