കോഴിക്കോടിന്റെ 'സാഹിത്യനഗരം' പദവി പ്രഖ്യാപനം 22-ന്
സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി
കോഴിക്കോട്: കോഴിക്കോട് യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗികപ്രഖ്യാപനം 22-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 31-നാണ് കോഴിക്കോട് സാഹിത്യനഗരപദവി നേടിയത്.സാഹിത്യത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്‌കോയുടെ സാഹിത്യനഗരം പദവി. ഇന്ത്യയിലെതന്നെ ആദ്യ സാഹിത്യനഗരമാണ് കോഴിക്കോട്. 22-ന് ശ്രീനാരായണ സെന്റിനറിഹാളില്‍ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തുക.2021 ഡിസംബര്‍മുതല്‍ സാഹിത്യനഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ തുടങ്ങിയിരുന്നു. പ്രാഗ്, എഡിന്‍ബറോ തുടങ്ങി സാഹിത്യശൃംഖലയിലുള്‍പ്പെട്ട നഗരത്തില്‍നിന്നുള്ള പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തി. കോഴിക്കോട് എന്തുകൊണ്ട് സാഹിത്യനഗരപദവിക്ക് അര്‍ഹമാണെന്നരീതിയിലുള്ള പഠനങ്ങള്‍ നടത്തി ക്രോഡീകരിച്ചായിരുന്നു മുന്നൊരുക്കങ്ങള്‍.
വ്യത്യസ്തങ്ങളായ സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍, കോലായ ചര്‍ച്ചകള്‍, പലതരത്തിലുള്ള ലൈബ്രറികള്‍, വായനയ്ക്കും സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള ഇടങ്ങള്‍, നാടകരംഗത്തേയും മറ്റും സജീവമായ പങ്കാളിത്തം, എഴുത്തുകാര്‍, സാഹിത്യവളര്‍ച്ചയ്ക്ക് പ്രധാധകരും മാധ്യമങ്ങളും നടത്തുന്ന ഇടപെടല്‍ എന്നിവയെല്ലാം കോഴിക്കോടിന് നേട്ടമായിട്ടുണ്ട്.
സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, ലിറ്റററി ടൂറിസം, എഴുത്തുകാര്‍ക്ക് വന്ന് താമസിക്കാനും സാഹിത്യപരിപാടികളുടെ ഭാഗമാകാനുമുള്ള അവസരം, സാഹിത്യ-സാംസ്‌കാരികവിനിമയം എന്നിവയെല്ലാം സാഹിത്യനഗരപദവിയിലൂടെ ലഭിക്കും. 'കില'യുടെ സഹായത്തോടെയാണ് കോഴിക്കോട് സാഹിത്യനഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോഴിക്കോട് എന്‍.ഐ.ടി., വിവിധ സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍ എന്നിവരെല്ലാം പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.