സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി
സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം : സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെ.എസ്.ആര്‍.ടി.സി. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനംവരെ ഇളവ് നല്‍കിയിട്ടുണ്ട്. ഹെവി ഡ്രൈവിങ് പരിശീലനത്തിനു സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപ ഈടാക്കുന്നുണ്ട്. കാര്‍ ഡ്രൈവിങ്ങിന് 12,000 മുതല്‍ 14,000 വരെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങള്‍ക്ക് 6000 രൂപ ഫീസ് വാങ്ങുന്നുണ്ട്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന അക്രെഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് പരിശീലനകേന്ദ്രങ്ങളിലെ രീതിയാണ് കെ.എസ്.ആര്‍.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. കംപ്യൂട്ടര്‍ അധിഷ്ഠിത ഡ്രൈവിങ് പരിശീലനകേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഇതില്‍ പരിശീലനം നല്‍കിയശേഷമാകും വാഹനങ്ങളിലെ പഠനം. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും നിയോഗിച്ചിട്ടുള്ളത്.
പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം. കെ.എസ്.ആര്‍.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിന് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അട്ടക്കുളങ്ങരയിലുള്ള കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് തീയറി ക്ലാസുകള്‍ നടക്കുക. ഇരട്ട നിയന്ത്രണ സംവിധാനമുള്ള (ക്ലച്ച്, ബ്രേക്ക്) ബസുകള്‍ നേരത്തെയുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും അടുത്തിടെ വാങ്ങിയതാണ്. ഓള്‍ട്ടോ കെ 10 കാര്‍, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗീയറില്ലാത്ത സ്‌കൂട്ടറുമാണുള്ളത്.