ഇന്ത്യയിൽ ആദ്യത്തെ പാക്ക് റാഫ്റ്റിങ് പ രിശീലന കേന്ദ്രം കോഴിക്കോട്
പാക്ക് റാഫ്റ്റിംഗ് പരിശീലനം സംസ്ഥാനത്ത് സാഹസിക ടൂറിസത്തിന്റെ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് നിഗമനം.
കോഴിക്കോട് : സാഹസിക ടൂറിസമായ പാക്ക് റാഫ്റ്റിംഗ് പരിശീലനം ഇനി കോഴിക്കോടും . ഇന്ത്യയിലെ തന്നെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രത്തിന് കോടഞ്ചേരിയിലെ ഇൻ്റർനാഷണൽ കയാക്കിംഗ് സെൻ്ററിൽ തുടക്കം കുറിച്ചു. വിദഗ്ദരുടെ സഹകരണത്തോടെയാണ് പരിശീലനം നടക്കുക. കേരള ടൂറിസവും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്നാണ് രാജ്യത്തെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന സംരഭത്തിന് കോഴിക്കോട് തുടക്കം കുറിക്കുന്നത്.
ചാലിപ്പുഴയിലൂടെ റാഫ്റ്റിങ് ചെയ്ത് കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയും ,സൗകര്യവും കാരണം ഇന്ത്യയിൽ ജനപ്രീതി നേടുന്ന ടൂറിസം പദ്ധതിയാണ് പാക്ക് റാഫ്റ്റിംഗ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിംഗ് മത്സര വേദിയായ പുലിക്കയത്തും പദ്ധതി എത്തുന്നത്. പുതു സംരംഭം സംസ്ഥാനത്ത് സാഹസിക ടൂറിസത്തിന്റെ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് നിഗമനം.
വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ മാർഗനിർദേശത്തിന് കീഴിൽ, സുരക്ഷാ കയാക്കർമാരുടെ സഹായത്തിൽ തല്പരരായ ആർക്കും പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതു സംരംഭത്തോടെ സാഹസിക ടൂറിസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് ലക്ഷ്യം വെക്കുന്നത്. പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടിയും കൊച്ചിയിൽ നിന്നും സ്കൂബ ഡൈവേഴ്‌സ് ടീമും പുലിക്കയത്ത് എത്തിയിരുന്നു.