ഒരു അവധിക്കാല യാത്രയ്ക്ക് മല മുഴക്കി വേഴാമ്പലുകളുടെ നെല്ലിയാമ്പതി
രാവിലെയും വൈകുന്നേരവും കാഴ്ചകൾ കണ്ടു സ്വസ്ഥമായ ഒരു അവധിക്കാല യാത്രയ്ക്ക് നെല്ലിയാമ്പതി നിങ്ങളെ കാത്തിരിക്കുന്നു
ബോട്ടിംഗിന് സൗകര്യമുള്ള ചെറിയൊരു അണക്കെട്ടാണ് പോത്തുണ്ടിയിലേത്. യാത്രക്കിടയില്‍ ഒരു ഉല്ലാസത്തിന് ഇറങ്ങാന്‍ യോജിച്ച സ്ഥലം. നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ വഴി നീളെ അവിടവിടെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പും കാഴ്ച വിരുന്നൊരുക്കുന്ന സ്ഥലങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു തുറന്നു കിടക്കുന്ന സ്വാഭാവിക തുറസ്സായ പാലക്കാടന്‍ ഗ്യാപ്പിന്റേയും വിശാലമായ ദൃശ്യം ഇവിടെ ചില സ്ഥലങ്ങളില്‍ നിന്നു ലഭിക്കും. മുകളിലേക്കുള്ള വഴിയില്‍ തോട്ടങ്ങളാണ് ഇരുവശവും. വിവിധ കമ്പനികളുടെ വക തേയിലത്തോട്ടങ്ങളും മുകളിലെത്തുമ്പോള്‍ കാണാം.
നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്. സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട് ഇവിടെ. പലകപ്പാണ്ടി എസ്റ്റേറ്റില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള കൃഷിത്തോട്ടങ്ങളിലും ചിലര്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പലകപ്പാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണിത ഒരു ബംഗ്ലാവുണ്ട്. അതിപ്പോള്‍ ഒരു സ്വകാര്യ റിസോര്‍ട്ടാണ്. കൈകാട്ടിയില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഉണ്ട്. ദീര്‍ഘദൂര നടത്തത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടം യോജിച്ചതാണ്.
പലകപ്പാണ്ടിയില്‍ നിന്ന് വളരെ അടുത്താണ് സീതാര്‍കുണ്ട്. വെള്ളച്ചാട്ടമാണ് ഇവിടത്തെ ആകര്‍ഷണം. പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ സന്ദര്‍ശകര്‍ക്കു പ്രകൃതി ഭംഗി ആസ്വദിക്കാം. പലകപ്പാണ്ടിക്കു സമീപം തേയില, ഏലം, കാപ്പി തോട്ടങ്ങളും അതിനിടകലര്‍ന്ന് സ്വാഭാവിക വനങ്ങളുമാണ്. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണിവിടം. പക്ഷികളുടെ വൈവിധ്യവും വൈപുല്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്.