കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന് ഇന്ന് തുടക്കം ; സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലും മത്സരം
ഹൈസ്‌കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി മൂന്നു വിഭാഗങ്ങളിലായാണ് വായനോത്സവം.

തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലുമാണ് ആദ്യദിനം മത്സരം. ഒരു ലക്ഷം കുട്ടികൾ പങ്കാളികളാകും. ഹൈസ്‌കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി മൂന്നു വിഭാഗങ്ങളിലായാണ് വായനോത്സവം. യുവജനങ്ങളുടെയും മുതിർന്നവരുടെയും മത്സരങ്ങൾ വെള്ളിയാഴ്ച ഗ്രന്ഥശാലകളിൽ നടക്കും. ക്വിസ് മത്സരവും എഴുത്തുപരീക്ഷയുമായാണ് ആദ്യഘട്ടം. ഹൈസ്‌കൂളുകളിൽനിന്ന് ആദ്യ മൂന്ന് സ്ഥാനക്കാർക്കും യുവജനങ്ങളുടെയും മുതിർന്നവരുടെയും മത്സരങ്ങളിലെ ആദ്യ സ്ഥാനക്കാർക്കും താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം. ഇതിൽ ആദ്യ പത്ത് സ്ഥാനക്കാർക്ക് ജില്ലാതല മത്സരത്തിലും. ജില്ലാതല മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും വിഭാഗങ്ങളിൽനിന്നുള്ള ഒന്നാം സ്ഥാനക്കാരെയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും.
സംസ്ഥാനതലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25,000, 15,000, 10,000 രൂപയും ശിൽപ്പവും സമ്മാനിക്കും. ജില്ലാ തലത്തിൽ യഥാക്രമം 10000, 5000, 4000 രൂപ വീതവും താലൂക്ക് തലത്തിൽ യഥാക്രമം 3000, 2000, 1500 രൂപ വീതവുമാണ് സമ്മാനം.