നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു
വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം .
കൊച്ചി :സുപ്രസിദ്ധ സിനിമ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു .കൊച്ചിയിൽ ആശുപത്രിയിൽ ചികത്സയിലായിരിക്കെ വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം .കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.
സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).
പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.