ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് വീണു; 149 റൺസിനു പുറത്ത്
ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 376 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് വെറും 149 റൺസിനു പുറത്തായി
ചെന്നൈ: ഒടുവിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ ബംഗ്ലാദേശ് തകർന്നുവീണു. ചെന്നൈ ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 376 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് വെറും 149 റൺസിനു പുറത്തായി. ഇന്ത്യയ്ക്ക് 227 റൺസിന്റെ ലീഡ്.
ബംഗ്ലാദേശിന്റെ ബൗളിംഗ് ആക്രമണത്തിന് അതേ നാണയത്തിലാണ് ഇന്ത്യൻ പേസർമാർ ചെപ്പോക്കിൽ മറുപടി നല്‍കിയത്. ജസ്പ്രീത് ബുമ്ര നാലുവിക്കറ്റ് പിഴുതപ്പോൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. 32 റൺസെടുത്ത ഷക്കിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ.ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (രണ്ട്) ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വെടിയുണ്ടപോലെയെത്തിയ പന്ത് ഷദ്മാൻ ലീവ് ചെയ്തെങ്കിലും വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.