കോപ്പ ഫൈനലിനിടയിലെ മെസ്സിക്ക് പരിക്ക്; ;രണ്ടു മത്സരങ്ങള്‍ നഷ്ടമാകും
കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ മെസ്സിയുടെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു.
ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയുടെ താരമാണ് മെസ്സി. ടീമിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാകില്ലെന്ന് ക്ലബ്ബ് പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോ അറിയിച്ചു. ജൂലായ് 15-ന് കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ മെസ്സിയുടെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ടീം ഡോക്ടര്‍മാര്‍ മെസ്സിയെ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബുധനാഴ്ച ടൊറന്റോ എഫ്സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇന്റര്‍ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസ്സി ടീമിലുണ്ടാകില്ല. കൊളംബിയക്കെതിരായ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ക്രോസ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെസ്സിയുടെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ മെസ്സി മെഡിക്കല്‍ സംഘത്തിന്റെ സഹായംതേടിയ ശേഷം വീണ്ടും കളിക്കളത്തില്‍ തുടരുകയായിരുന്നു.