വിരാട് കോഹ്ലിക്കു സെഞ്ചുറി; ഇന്ത്യ പാക്കിസ്ഥാനെ ആറു വിക്കറ്റിനു കീഴടക്കി
ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറിയെന്ന സ്വന്തം റിക്കാര്‍ഡും കോഹ്ലി പുതുക്കി.

ദുബായ്: റിക്കാര്‍ഡുകള്‍ പലതു കടപുഴകിയ ഇന്നിംഗ്സിലൂടെ വിരാട് കോഹ്ലി വീരോചിത ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ ആറു വിക്കറ്റിന് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി.
111 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 100 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്ക് അടുത്തു. കോഹ്ലിയുടെ 51-ാം രാജ്യാന്തര ഏകദിന സെഞ്ചുറിയാണ്. ഇതോടെ രാജ്യാന്തര കരിയറില്‍ കോഹ്ലിയുടെ സെഞ്ചുറിനേട്ടം 82 ആയി (ടെസ്റ്റില്‍ 30, ഏകദിനത്തില്‍ 51, ട്വന്റി-20യില്‍ 1).
ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയെയും ഹര്‍ഷിത് റാണയെയും ശ്രദ്ധയോടെ നേരിട്ട പാക് ഓപ്പണര്‍മാരായ ഇമാം ഉള് ഹഖും (10) ബാബര്‍ അസവും (23) ആദ്യവിക്കറ്റില്‍ 41 റണ്‍സ് നേടി. എന്നാല്‍, ഇരുവരും തുടരെ പുറത്ത്. അക്സര്‍ പട്ടേല്‍ ഇമാമിനെ റണ്ണൗട്ട് ആക്കിയതോടെയാണ് പാക് വിക്കറ്റ് കൊഴിയാന്‍ തുടങ്ങിയത്. ബാബര്‍ അസമിനെ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റിനു പിന്നില്‍ കെ.എല്‍. രാഹുലിന്റെ കൈകളില്‍ എത്തിച്ചു
പാക്കിസ്ഥാന് മുന്നോട്ടുവച്ച 242 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം കുറിച്ചു. തകര്‍ത്തടിച്ചു മുന്നേറിയ രോഹിത്തിനെ (15 പന്തില്‍ 20) ഷഹീന് അഫ്രീദി ബൗള്‍ഡാക്കി. തുടര്‍ന്നു ക്രീസിലെത്തിയ കോഹ്ലിക്കൊപ്പം ചേര്‍ന്ന് ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ സ്കോര്‍ മൂന്നക്കത്തിലെത്തിച്ചു. 52 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 46 റണ്‍സ് നേടിയ ഗില്‍ അബ്റര്‍ അഹമ്മദിനു മുന്നില്‍ ബൗള്‍ഡായി. തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സില്‍ 50+ സ്കോര്‍ എന്ന നേട്ടത്തിന് നാലു റണ്‍സ് അകലെ ഗില്‍ പുറത്ത്.
തുടര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. കോഹ്ലിയും ശ്രേയസ് അയ്യറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 67 പന്തില്‍ ഒരു സിക്സും അഞ്ചു ഫോറും അടക്കം 56 റണ്‍സ് നേടിയശേഷമാണ് ശ്രേയസ് പുറത്തായത്. 38.5 ഓവറില്‍ 214ല്‍ ഇന്ത്യന്‍ സ്കോര്‍ അപ്പോള്‍ എത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ (8) വന്നതും പോയതും വേഗത്തില്‍. അക്സര്‍ പട്ടേല്‍ (3) കോഹ്ലിക്ക് ഒപ്പം പുറത്താകാതെ നിന്നു. നേരിട്ട 111-ാം പന്തിലായിരുന്നു കോഹ്ലിയുടെ സെഞ്ചുറി.