സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘ബ്രസീൽ- സ്പെയിൻ പോരാട്ടം
ഇന്ന് രാത്രി 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ ഇന്ന് ‘ബ്രസീൽ- സ്പെയിൻ പോരാട്ടം’. ആറ് ബ്രസീലിയന്‍ താരങ്ങളുടെ കരുത്തുമായി തിരുവനന്തപുരം കൊമ്പൻസും അഞ്ച് സ്പാനിഷ് താരങ്ങളുടെ തലയെടുപ്പുമായി കണ്ണൂർ വാരിയേഴ്സും ഇന്ന് രാത്രി 7.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ.ആദ്യമത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് സമനില വഴങ്ങേണ്ടിവന്നതിന്റെ അരിശം തൃശൂർ മാജിക് എഫ്.സിയോട് തീർത്താണ് കൊമ്പൻപടയുടെ വരവ്. നാല് പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള കൊമ്പന്മാരെ തളക്കാൻ കണ്ണൂരിന്റെ സ്പാനിഷ് കോച്ച് മാനുവല്‍ സാഞ്ചസ് മുരിയാസിന്റെയും തന്ത്രങ്ങൾക്ക് കഴിയുമോയെന്നാണ് ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത്.ആറ് ബ്രസീലിയൻ താരങ്ങളാണ് കൊമ്പന്മാരുടെ കരുത്ത്. അവരിൽ ഏറ്റവും അപകടകാരി ക്യാപ്ടൻ പാട്രിക് മോട്ടതന്നെയാണ്. മോട്ടക്കൊപ്പം കളമറിഞ്ഞ് പോരാടാൻ ബ്രസീലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുള്ള മധ്യനിര താരങ്ങളായ ഡേവി കുനിന്, മുന്നേറ്റതാരം ഓട്ടേമേര് ബിസ്പോ, മാര്‍ക്കോസ് വൈല്‍ഡര്‍, പ്രതിരോധ താരം റനൻ ജനുവാരിയോ റോച്ചെ, ഗോളി മൈക്കേല്‍ അമേരികോ എന്നിവരും അണിചേരുമ്പോൾ കൊമ്പന്മാരുടെ ഗോൾ വലകുലുക്കാൻ എതിരാളികൾക്ക് ഏറെ വിയർപ്പൊഴിക്കേണ്ടിവരും. കൊമ്പന്മാർ ലീഗിൽ ഇതുവരെ അടിച്ച മൂന്നു ഗോളും ഇന്ത്യക്കാരുടെ വകയായിരുന്നു