കരുനാഗപ്പള്ളി മാളിയേക്കൽ മേൽപ്പാലം ഉദ്‌ഘാടനം ഇന്ന്
കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡിൽ നിർമാണം പൂർത്തിയാക്കിയ മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഇന്ന് നാടിനു സമർപ്പിക്കും
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡിൽ നിർമാണം പൂർത്തിയാക്കിയ മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഇന്ന് നാടിനു സമർപ്പിക്കും. പകൽ മൂന്നിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്യും. പാലത്തിനു സമീപം ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുക്കും.മേൽപ്പാലം നാടിന് സമർപ്പിക്കുന്നതോടെ കരുനാഗപ്പള്ളി നിവാസികളുടെ സ്വപ്‌നമാണ് യാഥാർഥ്യമാകുന്നത്.
സംസ്ഥാനത്ത് ആദ്യമായി സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ചറിൽ പൂർത്തിയാകുന്ന മേൽപ്പാലമാണിത്. മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി 33.04 കോടി അനുവദിച്ചത്. മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം 2021 ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഒരുവശത്തായി നടപ്പാതയുമുണ്ട്. ആകെ 26.58 കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്.