കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൽപ്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാഗ്രന്ഥമായി തിരഞ്ഞെടുത്തു
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൽപ്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാഗ്രന്ഥമായി തിരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ സിൻ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ഉദയ ആർട്സ് ആന്ര് സ്‌പോട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി സി പാലം എഴുതിയ ഇ ഫോർ ഈഡിപ്പസ് മികച്ച നാടകമായി തിരഞ്ഞെടുത്തു.ബി രാജീവന്റെ ഇന്ത്യയെ വീണ്ടെടുക്കൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. പി പവിത്രന്റെ ഭൂപടം തലതിരിക്കുമ്പോൾ ആണ് മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടിയത്. കെ. വേണുവിന്റെ ഒരന്വേഷണത്തിന്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്കാരവും സ്വന്തമാക്കി.എഎം ശ്രീധരന്റെ കഥാ കദികെയാണ് വിവർത്തന സാഹിത്യ പുരസ്കാരം നേടിയത്. ആംചോ ബസ്‌തറിലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച പെൺകുട്ടിയും കൂട്ടരും പുരസ്കാരം നേടി.എം ആർ രാഘവ വാര്യർ, സി എൽ ജോസ് എന്നിവർ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനും അർഹരായി. കെ വി കുമാരൻ, പി കെ ഗോപി, പ്രേമ ജയകുമാർ, ബക്കളം ദാമോദരൻ, എം രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.