തൊടുപുഴയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫീസര്‍ അടിച്ച് വീഴ്ത്തി
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം.ഗോവ ഗവർണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കാണ് സഹപ്രവർത്തകന്റെ മർദ്ദനം

ഇടുക്കി : തൊടുപുഴയിൽ വിഐപി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവില്‍ പൊലീസ് ഓഫീസര്‍ അടിച്ച് വീഴ്ത്തി. ഗോവ ഗവർണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കാണ് സഹപ്രവർത്തകന്റെ മർദ്ദനം. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം.
ഗോവ ഗവര്‍ണർ പി എസ് ശ്രീധരൻ പിള്ള കടന്ന് പോകുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയോട് ഈ സമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് അക്രമണം നടത്തിയത്. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. ഈ സമയം സിവില്‍ പൊലീസ് ഓഫീസര്‍ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.സംഭവത്തിന് പിന്നാലെ ഇരുചെവിയറിയാതെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മർദ്ദിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസോ വകുപ്പ് തല നടപടികളോ ഇതുവരെ കൈക്കൊണ്ടിട്ടില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം.
അതേസമയം സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥക്ക് മര്‍ദ്ദനമേറ്റിട്ടും നടപടി ഉണ്ടാകാത്തതില്‍ സേനാംഗങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.