ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് വിഴിഞ്ഞം തീരംതൊടും
ചരിത്രം കുറിക്കാൻ വിഴിഞ്ഞം; ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് തുറമുഖത്തെത്തും

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‍സി തുര്‍ക്കി ഇന്ന് ഉച്ചയോടെ വിഴിഞ്ഞം തീരംതൊടും. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 24346 കണ്ടെയ്‌നറുകൾ വഹിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നാണ് എംഎസ്‌സി തുർക്കി.വാണിജ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കപ്പൽ എത്തുന്നതെന്നും എംഎസ്‌സി ആരംഭിച്ച ജേഡ് ഷട്ടിൽ സർവീസിന്റെ ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു.വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണ് എംഎസ്‍സി തുര്‍ക്കി.
സിംഗപ്പൂരില്‍ നിന്നാണ് എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തേക്ക് എത്തുന്നത്. പ്രതിവര്‍ഷം രണ്ട് ലക്ഷം കണ്ടെയ്നറുകള്‍ വരെ കൈകാര്യം ചെയ്യുന്ന എംഎസ്‍സി തുര്‍ക്കി വിഴിഞ്ഞത്ത് അടുക്കുമ്പോള്‍ ചരിത്രമാണ്. വർഷങ്ങളുടെ പാരമ്പര്യമുള്ള കൊളംബോ, ദുബായ് പോലുള്ള പോർട്ടുകളിൽ പോലും നങ്കൂരമിടാത്ത ഈ കപ്പൽ കൊമേഷ്യൽ ഓപ്പറേഷൻ തുടങ്ങി നാലുമാസത്തിനകം തന്നെ വിഴിഞ്ഞത്ത് എത്തിച്ചേരുന്നുവെന്നത് അഭിമാനമാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ കപ്പൽ സീരീസുകളിലൊന്നാണ് എംഎസ്‍സി തുർക്കി. ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള എഎസ്‍സി ഐറിന ശ്രേണിയിലെ കപ്പലുകളിൽ ഒന്നാണിത്. ഒരേ വലിപ്പത്തിലുള്ള 6 കപ്പലുകൾ ഉൾപ്പെടുന്ന ഈ ശ്രേണി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ശ്രേണിയായാണ് കണക്കാക്കപ്പെടുന്നത്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന കപ്പല്‍ റൂട്ടിലും എംഎസ്‍സി തുർക്കി ചരക്കെത്തിക്കുന്നുണ്ട്.
വിഴിഞ്ഞത്ത് കണ്ടെയ്‌നര്‍ നീക്കം അഞ്ചേകാല്‍ ലക്ഷം കടന്നു. ദക്ഷിണേന്ത്യയില്‍ ചരക്ക് നീക്കത്തില്‍ ഒന്നാം സ്ഥാനത്തിപ്പോള്‍ വിഴിഞ്ഞമാണ്. 5.25 ലക്ഷം കണ്ടെയ്‌നര്‍ നീക്കം ഇതിനകം പൂര്‍ത്തിയായി.