തദ്ദേശ വകുപ്പിൽ പ്രത്യേക ഡിസൈന്‍ വിഭാഗം : എം ബി രാജേഷ്
തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം : തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയ്യാറാക്കുന്നത് എൻജിനിയറിങ് കോളജുകൾ മുഖേനയാണ്. വൻതുകയാണ് ഫീസിനത്തിൽ നൽകേണ്ടിവരുന്നത്. ഇത് പരിഗണിച്ചാണ് നടപടി. തദ്ദേശസ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി മോണിറ്ററിങ് ലാബുകൾ സ്ഥാപിക്കും. തദ്ദേശവകുപ്പിലെ ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിപ്പിച്ചു. സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ളവരെ പുനർവിന്യസിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കൂടാതെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി നടത്തും. കില കൂടാതെ ഐഎംജിയുടെ സഹായവും തേടുമെന്നും മന്ത്രി അറിയിച്ചു.