അന്താരാഷ്ട്ര നാടകോത്സവത്തിന് യവനിക ഉയരാന്‍ ഇനി നാല് നാള്‍ മാത്രം :രംഗശില്പമൊരുക്കല്‍ അന്തിമഘട്ടത്തില്‍

Jan 21, 2026
അന്താരാഷ്ട്ര നാടകോത്സവത്തിന് യവനിക ഉയരാന്‍ ഇനി നാല്    നാള്‍ മാത്രം :രംഗശില്പമൊരുക്കല്‍ അന്തിമഘട്ടത്തില്‍

കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് യവനിക ഉയരാന്‍ ഇനി നാല് നാള്‍ മാത്രം. ഇതിനു മുന്നോടിയായി മാസങ്ങള്‍ക്ക് മുന്‍പേ അക്കാദമിയുടെ കോമ്പൗണ്ടില്‍ രാപ്പകല്‍ ഭേദമില്ലാതെ ഇറ്റ്‌ഫോക്കിന്റെ പിന്നണി പ്രവര്‍ത്തകര്‍ രംഗശില്പമമൊരുക്കുന്ന തിരക്കിലാണ്. ഇത്തവണ ഇറ്റ്‌ഫോക്കില്‍ അരങ്ങേറുന്ന 23 നാടകങ്ങളില്‍ മൂന്ന് നാടകങ്ങള്‍ക്ക് വളരെ ബൃഹത്തായ രംഗസജ്ജീകരണമാണ് ആവശ്യമുള്ളത്. ഇതില്‍ അര്‍മേനിയയില്‍ നിന്നുള്ള നാടകമായ ഡംപ്ലിങ്ങിന് പുരാതന ബാല്‍ക്കണി മാതൃകയിലുള്ള രംഗശില്പമാണ് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്നുള്ള നാടകമായ അഗര്‍ബത്തിക്ക്‌ ഫാക്ടറിയുടെയും വീടിന്റെയും മാതൃകയിലുള്ള സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ രംഗശില്പമാണ് ആവശ്യമായിരിക്കുന്നത്. ആസ്സാമില്‍ നിന്നുള്ള നാടകമായ ഖുലാങ് ബുര്‍ഹിക്ക്‌ ഗോത്രസംസ്‌കൃതിയുടെ ആഴം അടയാളപ്പെടുന്ന മുളകൊണ്ടുള്ള നിര്‍മ്മിതികളും തനത് സാമഗ്രികളുമാണ് രംഗശില്പമായി ഒരുക്കിയിട്ടുള്ളത്. രംഗശില്പനിര്‍മ്മിതിയിലെ കരവിരുതും സാങ്കേതിക-സര്‍ഗ്ഗാത്മക വൈഭവവും ഒരേപോലെ ആവശ്യമുള്ള ഇത്തരം ബൃഹത്തായ രംഗശില്പ നിര്‍മ്മിതി സാധ്യമാകുന്നത് സാങ്കേതിക പ്രവര്‍ത്തകരും മരപ്പണിക്കാരും വെല്‍ഡിങ്ങ് തൊഴിലാളികളും ഒരേ മനസ്സോടെ അണിനിരക്കുന്നുകൊണ്ട് മാത്രമാണെന്ന് ഇറ്റ്‌ഫോക് രംഗശില്പി ആര്‍ട്ടിസ്റ്റ് സുജാതന്‍ സാക്ഷ്യപ്പെടുത്തുന്നു. നാടകത്തില്‍ അഭിനേതാക്കള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രതന്നെ പ്രധാനപ്പെട്ടതാണ് രംഗശില്പങ്ങളും രംഗോപകരണങ്ങളും. അതിനാല്‍ അത് ഒരുക്കുന്നതിന് സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്.ആസ്സാമിസ് നാടകമായ ഖുലാങ് ബുര്‍ഹിക്ക്‌ ആവശ്യമായ പ്രത്യേക തരത്തിലുള്ള മുളയും മറ്റ് തനത് ഗോത്ര നാടന്‍ വസ്തുകളും കണ്ടെത്തുന്നതിന് വളരെ ബുദ്ധിമുട്ടിയെന്ന് ഇറ്റ്‌ഫോക് ടെക്‌നിക്കല്‍ ഡയരക്ടര്‍ രജി പ്രസാദ് പറഞ്ഞു.