കാളിദാസ് ജയറാം വിവാഹിതനായി
ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് , മന്ത്രി മുഹമ്മദ് റിയാസ്തുടങ്ങി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തു.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതൽ സുന്ദരിയായിരുന്നു വധു.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഇരുവരും ചെന്നൈയിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം.