കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവരെ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ ട്രെയിനിമാരായി നിയമിക്കാന്‍ നീക്കം. ഇടതു യൂണിയന്‍ നേതാക്കള്‍ക്ക് ജോലിയില്‍ തുടരാന്‍ അവസരമൊരുക്കാനാണ് ഡ്രൈവര്‍ ട്രെയിനി തസ്തിക സൃഷ്ടിച്ചത്.
12ന് രാവിലെ 11ന് ചീഫ് ഓഫീസില്‍ അഭിമുഖം. എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സര്‍ക്കുലര്‍ യൂണിറ്റ് അധികാരികള്‍ക്ക് അയച്ചുകഴിഞ്ഞു. ഡ്രൈവര്‍ ട്രെയിനിമാരായി നിയമിക്കാന്‍ വിരമിച്ച 13 പേരുടെ ലിസ്റ്റും സര്‍ക്കുലറിനൊപ്പമുണ്ട്. ഒന്നാം പേരുകാരനായ ഗോപാലകൃഷ്ണന്‍ പി. കൊല്ലം യൂണിറ്റില്‍ നിന്നും 2022 ഡിസംബറില്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറായി വിരമിച്ച ആളാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ ആയിരുന്നു.
സര്‍ക്കുലറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കൃത്യമായി ഡ്യൂട്ടി നിര്‍വഹിക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തി വിരമിച്ച ഇടത് യൂണിയന്‍ നേതാക്കളെ വീണ്ടും കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ചതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്