ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
മുണ്ടക്കയം സബ്ട്രഷറി കെട്ടിടത്തിന് തറക്കല്ലിട്ടു

മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും.
ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. കാർഡ് ഒഴികെയുള്ള എല്ലാ ബാങ്കിങ് സൗകര്യങ്ങളും ഇന്ന് ട്രഷറികളിൽ ലഭ്യമാണ്.
അർഹതപ്പെട്ട പണം പോലും തരാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെയാണ് സംസ്ഥന സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന വർഷം 33000 കോടി രൂപ കേന്ദ്ര സഹായം ലഭിച്ചിടത്ത് ഈ വർഷം കിട്ടിയത് 6000 കോടി മാത്രം. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അണാ പൈസ പോലും കേന്ദ്ര സർക്കാർ മുടക്കിയില്ല. മുണ്ടക്കയത്തെ സബ് ട്രഷറിയുടെ നിർമാണം ഒൻപതു മാസം കൊണ്ടുപൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപ്പാലം,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി.വി. അനിൽകുമാർ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജു മോൻ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ് കെ. ജെ. ജോസ് മോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ജി. രാജു, കെ.എസ്.രാജു, ചാർലി കോശി, ടി.സി. സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം, സംഘടനാപ്രതിനിധികളായ പ്രദീപ് പി. നായർ, ഷെമീർ വി. മുഹമ്മദ്, രഞ്ജു കെ. മാത്യു, കെ.എ. ദേവസ്യജെ. ജോൺ, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോക്യാപ്ഷൻ:
മുണ്ടക്കയം സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു