അപകീർത്തിക്കേസ്; ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: അപകീർത്തിക്കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മാഹി സ്വദേശി നൽകിയ പരാതിയിലാണ് ഷാജൻ സ്കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് ഷാജന് സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നുമാണ് ഷാജൻ സ്കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഹണി ട്രാപ്പിലൂടെ ലൈംഗീക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
യുഎഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പോലീസ് നടപടിയെടുത്തിരിക്കുന്നത്.
ഷർട്ടിടാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും തനിക്കെതിരായ കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.
പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താൻ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും പറഞ്ഞു. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.