നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ്: അക്ഷയ ജീവനക്കാരി അറസ്റ്റിൽ,
പണം വാങ്ങിയെങ്കിലും അപേക്ഷ സമർപ്പിച്ചില്ല

പത്തനംതിട്ട /നെയ്യാറ്റിൻകര : നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ (20) പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു.
വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥി തിരുവനന്തപുരം പാറശാല സ്വദേശി ജിത്തുവിനെയും മാതാവ് രമണിയെയും വിട്ടയച്ചു. നിരപരാധികളായ ഇവർ 24 മണിക്കൂറോളം കസ്റ്റഡിയിൽ കഴിയേണ്ടിവന്നു.
പത്തനംതിട്ട പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഫീസായ 1850 രൂപ വാങ്ങിയെങ്കിലും അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, അഭിറാം എന്ന വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിൽ തിരിമറി നടത്തിയാണ് ജിത്തുവിന്റെ പേരിൽ തയ്യാറാക്കിയതെന്നും വെളിപ്പെടുത്തി. അത് വാട്ട്സ് ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. അകലെയുള്ള സെന്റർ വച്ചാൽ പരീക്ഷ എഴുതാൻ പോകില്ലെന്ന് ഗ്രീഷ്മ കരുതി. ഗൂഗിളിൽ തിരഞ്ഞപ്പോൾ പത്തനംതിട്ടയിലെ കഴിഞ്ഞ വർഷത്തെ സെന്ററായ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ കണ്ടു. അത് ഹാൾ ടിക്കറ്റിൽ ചേർക്കുകയായിരുന്നു. പക്ഷേ ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല.
സ്ഥലവാസിയായ സത്യദാസിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്ററിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തു.നെയ്യാറ്റിൻകരയിൽ ജനസേവനകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഗ്രീഷ്മ നാലു മാസം മുമ്പാണ് ഗ്രീഷ്മ ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
വിദ്യാർത്ഥി പരീക്ഷ എഴുതാൻ മാർത്തോമ സ്കൂളിൽ എത്തിയെങ്കിലും സെന്റർ നന്നുവക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണെന്ന് അറിഞ്ഞ് അവിടേക്ക് പോവുകയായിരുന്നു.പത്തനംതിട്ട സെന്ററിലെ വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുമായി വളരെ വ്യത്യാസമുണ്ടായിരുന്നു.
ജിത്തുവിന്റെ ഹാൾടിക്കറ്റ് വ്യാജമാണെന്ന് പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് സംശയം തോന്നിയെങ്കിലും അവസരം നഷ്ടപ്പെടാതിരിക്കാൻ പരീക്ഷാ സ്റ്റേറ്റ് കോ ഓർഡിനേറ്ററുടെ നിർദ്ദേശപ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചു. ബാർ കോഡ് പരിശോധിച്ചതോടെ യഥാർത്ഥ വിദ്യാർത്ഥിയെയും പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തെ സെന്ററും തിരിച്ചറിഞ്ഞു.
നിർദ്ധന കുടുംബം ആയിട്ടും മകനെ വെറ്ററിനറി ഡോക്ടറാക്കണമെന്ന ആഗ്രഹം സഫലമാക്കാൻ രണ്ടര ലക്ഷത്തോളം രൂപയാണ് പരിശീലനത്തിന് മുടക്കിയത്. ഇങ്ങനെയൊരു ചതിയിൽപ്പെടുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.
കാരക്കോണം മെഡിക്കൽ കോളേജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ് മാതാവ് രമണി. രോഗബാധിതനാണ് പിതാവ്. മകൾ വിവാഹിതയാണ്.
രണ്ടാം തവണയാണ് ജിത്തു നീറ്റ് പരീക്ഷയ്ക്കെത്തിയത്. ഗ്രീഷ്മയെ നേരത്തെ പരിചയമുണ്ട്. ഫോണിൽ വിളിച്ചാണ് അപേക്ഷയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകിയത്. ഗുഗിൾ പേ വഴി ഫീസും നൽകി. രമണിയുടെ വാട്സാപ്പിലേക്കാണ് ഗ്രീഷ്മ ഹാൾടിക്കറ്റിന്റെ പി.ഡി.എഫ് അയച്ചുകൊടുത്തത്. കാരക്കോണത്തെ ഡി.ടി. പി.സെന്ററിലെത്തി പ്രിന്റെടുത്താണ് പരീക്ഷയ്‌ക്കെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെ സ്റ്റേഷനിൽ കഴിയേണ്ടിവന്നു.