പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചേക്കും; വാർത്താ സമ്മേളനം രാവിലെ

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 9.30ന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
തനിക്ക് ഒരു പ്രധാനപ്പെട്ട വിഷയം പറയാനുണ്ടെന്നാണ് അൻവർ അറിയിച്ചത്. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചേക്കും എന്ന് അഭ്യൂഹമുണ്ട്.
ഇതിനിടെയാണ് അൻവർ നിർണായക വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. അതേസമയം വാർത്താ സമ്മേളനത്തിനു മുന്നോടിയായി അൻവർ സ്പീക്കർ എ.എൻ. ഷംസീറിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണ് അൻവർ മാധ്യമങ്ങളെ കാണുന്നതിനു മുന്നെ രാവിലെ ഒമ്പതിന് സ്പീക്കറെ കാണുമെന്ന് അറിയിച്ചത്. സ്പീക്കറെ കാണുന്നത് എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നത് സംബന്ധിച്ചാണെന്ന സൂചനയുമുണ്ട്.
അൻവറിനെ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററായി നിയമിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.