സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചില്‍, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ

Intensive search from needle rock to buffalo stone, special attention to waterfalls

Aug 6, 2024
സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചില്‍, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ
ministers

മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താന്‍ സൂചിപ്പാറ മുതല്‍ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂര്‍ വരെയും ഇന്ന് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മന്ത്രിസഭ ഉപസമിതി യോഗത്തിനുശേഷം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. സൂചിപ്പാറയ്ക്കു താഴെയുള്ള രണ്ടു വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും പരിശോധന നടത്തും. ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിലില്‍ പങ്കെടുക്കും.

ഇനിയും പരിശോധിക്കാത്ത മേഖലകളില്‍ ഇന്ന് പരിശോധന നടത്തും. തിങ്കളാഴ്ച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. 30 മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിച്ചു. 158 ശരീര ഭാഗങ്ങള്‍ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെന്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിര്‍മ്മാണ പരിധി 10 ശതമാനം എന്നുള്ളത് വര്‍ദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയല്‍ വര്‍ക്ക് പരിധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്ന് മുതല്‍ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും

പരാതിക്കിടയില്ലാത്ത വിധം ഭക്ഷണവിതരണം കാര്യക്ഷമമായി നടത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2391 പേര്‍ക്ക് ഇതുവരെ കൗണ്‍സിലിങ് നല്‍കി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും സിം കാര്‍ഡും കണക്ടിവിറ്റിയും നല്‍കും. 16 ക്യാമ്പുകളിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും കണക്ടിവിറ്റിയും നല്‍കും. സ്വകാര്യ മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ ഇതുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിത മേഖലയില്‍ 24 മണിക്കൂറും മൊബൈല്‍ പൊലീസ് പട്രോള്‍ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാകരുത് അങ്ങനെ ഉണ്ടായാല്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

താത്ക്കാലിക പുനരധിവാസം, രേഖകളുടെ വിവര ശേഖരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഉപജീവന പദ്ധതികള്‍, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, കൗണ്‍സിലിംഗ്, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. നഷ്ടമായ രേഖകളുടെ വിവരശേഖരണം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിനുശേഷം രേഖകള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷന്‍, പഞ്ചായത്തുകള്‍ എന്നിവക്കുള്ള ബൗദ്ധിക സാഹചര്യം തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രേഖകള്‍ നഷ്ടപ്പെട്ട ഒരാളും പേടിക്കേണ്ടതില്ലെന്ന് റവന്യുമന്ത്രി പറഞ്ഞു.

ദുരന്ത ബാധിതരുടെ സമഗ്ര പുനരധിവാസം സാധ്യമാക്കുന്നതിന് കൃത്യമായ വിവരശേഖരണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അനാഥരായവര്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ സ്ത്രീകള്‍ ,കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിങ്ങനെ കൃത്യമായ വിവരശേഖരണ ത്തിലൂടെ മാതൃകാ പുനരധിവാസം യാഥാര്‍ത്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാകളക്ടര്‍ ഡിആര്‍ മേഘശ്രീയും യോഗത്തില്‍ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.