വ്യവസായ പാര്‍ക്കുകളിലെ വസ്തുനികുതിപിരിവ് തദ്ദേശ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തും
Local bodies will temporarily stop collection of property tax in industrial parks
 
                                    സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളിലെ വസ്തു നികുതി പിരിവ് തല്‍ക്കാലം നിര്‍ത്തിവക്കും. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യവസായവകുപ്പിന്റേയും കെ. എസ്. ഐ ഡി.സി, കിന്‍ഫ്ര, സിഡ് കോ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെയും കീഴിലുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് ഉത്തരവ് ബാധകമാണ്.
വ്യവസായ പാര്‍ക്കുകളിലെ വസ്തു നികുതി പിരിവ് സംബന്ധിച്ച് വ്യവസായ വാണിജ്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും സര്‍ക്കാരിന് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 1 ലെ വ്യവസ്ഥ 2 സംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഈ ഭേദഗതി നടപ്പില്‍ വരുന്നതുവരെ വ്യവസായ ഏരിയ, എസ്റ്റേറ്റ്, പ്ലോട്ട് എന്നിവിടങ്ങളില്‍ നിന്നും നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിനാണ് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            