കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം

Feb 22, 2025
കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം
investers meet

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിൻറെ വിവിധ നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിൻറെ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം. വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്.

വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന നിലയിൽ കേരളത്തിൻറെ വിഭവശേഷി പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബംഗളുരുവിലെ ജർമ്മൻ കോൺസൽ ജനറൽ അകിം ബുർകാട്ട് ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നു ജർമ്മനിയിലേക്ക് തൊഴിലിനായി വരുന്നവർക്ക് നൈപുണ്യശേഷി കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക-ഗവേഷണ മേഖലയിൽ മാത്രമല്ല, അടിസ്ഥാന സൗകര്യ മേഖലകളിലും കേരളത്തിൽ നിന്നുള്ളവർ മികച്ച ക്രയശേഷിയുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നൽകാൻ ജർമ്മനി ഒരുക്കമാണെന്നും ബുർകാട്ട് വ്യക്തമാക്കി.

സ്റ്റാർട്ടപ്പ്, ടെക്നോളജി മേഖലകളിൽ ഇന്ത്യയും ആസ്ട്രേലിയയും മികച്ച ഉഭയകക്ഷി നിക്ഷേപസാധ്യതയുണ്ടെന്ന് ചെന്നൈയിലെ ആസ്ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ പ്രവർത്തനങ്ങൾ അതിശയകരമാണ്. ഗുണമേൻമയുള്ള സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾക്ക് ആസ്ട്രേലിയയിൽ വൻ ഡിമാൻഡാണെന്നും അവർ പറഞ്ഞു.

സംസ്ഥാനത്തെ സിനിമാവ്യവസായത്തിൽ നിക്ഷേപസാധ്യത പരിശോധിക്കുമെന്ന് ചെന്നൈയിലെ മലേഷ്യൻ കോൺസുലേറ്റിലെ ട്രേഡ് കോൺസൽ വാൻ അഹമ്മദ് ടാർമിസി വാൻ ഇദ്രിസ് പറഞ്ഞു. കേരളവും മലേഷ്യയും തമ്മിലുള്ള ഏറ്റവും വലിയ വാണിജ്യ സാധ്യത ടൂറിസത്തിലാണ്. കേരളത്തിൽ നിന്നും നിരവധി ടൂറിസ്റ്റുകൾ മലേഷ്യ സന്ദർശിക്കുന്നുണ്ട്. ഇൻവെസ്റ്റ് കേരളയ്ക്ക് ശേഷം മലേഷ്യൻ ടൂറിസ്റ്റുകൾ വ്യാപകമായി കേരളം സന്ദർശിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ ഉഭയകക്ഷി സാധ്യതകളാണ് വിയറ്റ്നാം പവലിയനിലൂടെ ഒരുക്കിയിട്ടുള്ളത്. കല, സംസ്കാരം, കൃഷി, വാണിജ്യം, ടൂറിസം, എയർലൈൻ, ഭക്ഷണം തുടങ്ങി പരസ്പര സഹകരണ സാധ്യതയുള്ള എല്ലാ മേഖലകളെയും സമന്വയിപ്പിച്ചിരിക്കുകയാണ്. സന്ദർശകരെ പരമ്പരാഗത രീതിയിൽ ചായ നൽകി സ്വീകരിക്കുന്നു. ടിറങ് എന്ന മുളകൊണ്ടുള്ള സംഗീതോപകരണത്തിൻറെ പ്രദർശനം, ടി ഡാൻ ട്രാൻഹ്, ഡാൻ ബാവു തുടങ്ങിയ വീണകൾ എന്നിവയൊക്കെ കാഴ്ചക്കാരെ ആകർഷിക്കുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.