സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ നാളെ (ഏപ്രിൽ 7) മുതൽ ആരംഭിക്കും : മന്ത്രി വി ശിവൻകുട്ടി

Apr 6, 2025
സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ നാളെ (ഏപ്രിൽ 7) മുതൽ  ആരംഭിക്കും : മന്ത്രി വി ശിവൻകുട്ടി
v sivankutty munister

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ നാളെ, 2025 ഏപ്രിൽ 7 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അധ്യാപരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ഹയർസെക്കന്ററി ട്രാൻസ്ഫർ പോർട്ടലിൽ ഈ വർഷം പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങൾ നൽകേണ്ടത്. ജനറൽ ട്രാൻസ്ഫർ പ്രക്രിയ ജൂൺ 1 ന് മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതിനുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. കൈറ്റിന്റെ (KITE) സാങ്കേതിക സഹായത്തോടെയാണ് ഓൺലൈൻ സ്ഥലമാറ്റ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കുന്നത്.

തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കും അത് കൃത്യമായി പരിശോധിക്കാതെ കൺഫേം ചെയ്യുന്ന പ്രിൻസിപ്പൽമാർക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സർക്കാർ ഉത്തരവിലെ 8 (VIII) നിർദേശപ്രകാരം കർശന നടപടികൾ സ്വീകരിക്കും. 2025 ജൂൺ 1ന് മുൻപ് ജനറൽ ട്രാൻസ്ഫർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതി

സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ ഉച്ചഭക്ഷണം എന്നിവ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  സൗജന്യ യൂണിഫോം പദ്ധതി ആദ്യമായി ആരംഭിച്ചത് 2013-14 അധ്യയന വർഷത്തിലാണ്. 82  കോടിയുടെ പദ്ധതിയായാണ് ഇതിന് തുടക്കം കുറിച്ചത്.  സംസ്ഥാന സർക്കാർ സ്‌കൂളുകളിലെ 1 മുതൽ  8 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും എ.പി.എൽ വിഭാഗം ഒഴികെയുള്ള ആൺകുട്ടികൾക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി കേന്ദ്ര സർക്കാർ പദ്ധതി വിഹിതം അനുവദിച്ച് തുടങ്ങിയത്.

2014-15 വർഷം മുതൽ കേന്ദ്ര സർക്കാർ പദ്ധതി വിഹിതം നൽകാത്ത സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും അതോടൊപ്പം എയ്ഡഡ്  സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ആൺ / പെൺ വ്യത്യാസമില്ലാതെ എ.പി.എൽ /  ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം പദ്ധതിക്കായി പദ്ധതി വിഹിതം സംസ്ഥാന സർക്കാർ അനുവദിച്ചു തുടങ്ങി. ഈ ഘട്ടത്തിൽ നാനൂറ് രൂപയായിരുന്ന യൂണിഫോം വാങ്ങുന്നതിനുള്ള അലവൻസ് സ്‌കൂളുകളിൽ നേരിട്ട് അലോട്ട്മെന്റ് ആയി നൽകാൻ തീരുമാനിച്ചു. കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാരിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് 2016-17 വർഷം സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ തീരുമാനിച്ചു.

2017-18 അധ്യയന വർഷത്തിൽ കൈത്തറി യൂണിഫോം  ആദ്യമായി വിതരണം ചെയ്തപ്പോൾ രണ്ടര ലക്ഷം കുട്ടികളായിരുന്നു ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. 2018-19 ൽ ഗവൺമെന്റ് യു.പി. സ്‌കൂളുകളിൽ കൂടി പദ്ധതി നടപ്പിലാക്കിയപ്പോൾ നാലര ലക്ഷം കുട്ടികൾ  ഗുണഭോക്താക്കളായി. 2019-20 വർഷത്തിൽ എയ്ഡഡ് മേഖലയിലെ എൽ.പി. സ്‌കൂളുകളെ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടു വന്നതോടെ നിലവിൽ ഏകദേശം പത്ത് ലക്ഷം കുട്ടികളാണ് 2023-24 ൽ കൈത്തറി യൂണിഫോമിന്റെ ഗുണഭോക്താക്കൾ. 2023-24 സാമ്പത്തിക വർഷത്തിൽ 140 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ആകെ എൺപത്തിയേഴ് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപ അഞ്ച് ഘട്ടങ്ങളിലായി കൈത്തറി വകുപ്പിന് അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി  സർക്കാർ സ്‌കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് അറുന്നൂറ് രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു. 2024-25  സാമ്പത്തിക വർഷം സ്‌കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായ് എൺപത് കോടി മുപ്പത്തി നാല് ലക്ഷം രൂപ (80,34,00,000) അനുവദിച്ചു.

അലവൻസ് ഇനത്തിൽ 1 മുതൽ  8 വരെയുള്ള പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്ന് (13,16,921) കുട്ടികൾക്ക് അറുന്നൂറ് രൂപ ക്രമത്തിൽ എഴുപത്തിയൊമ്പത് കോടി ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരത്തി അറുന്നൂറ് (79,01,52,600) രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മിനിമം മാർക്ക്

സംസ്ഥാനത്തെ 2,541 സ്‌കൂളുകളിൽ നിന്നുള്ള എട്ടാം ക്ലാസ്സിന്റെ ഫലം ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. (6.3 ശതമാനം) ഏറ്റവും കുറവ് വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. (4.2 ശതമാനം) സംസ്ഥാനത്ത് മൂവായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായാണ് എട്ടാം ക്ലാസിൽ പരീക്ഷ നടത്തിയിട്ടുള്ളത്. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ലഭ്യമാകാനുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തി ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് ഇ ഗ്രേഡുകളാണ് വിവിധ വിഷയങ്ങൾക്ക് ലഭ്യമായത്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഹിന്ദിയിലാണ് - നാൽപത്തിരണ്ടായിരത്തി എണ്ണൂറ്റി പത്ത് (12.69 ശതമാനം). ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ് - ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് (7.6 ശതമാനം). എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ 7 ന് രക്ഷകർത്താക്കളെ അറിയിക്കുകയും പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തുവാൻ നിശ്ചയിച്ചിട്ടുമുണ്ട്. ഇത്തരം ക്ലാസ്സുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും.

ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ അടക്കമുള്ള ഏവരുടെയും സഹായസഹകരണങ്ങൾ  അധിക പിന്തുണാ പരിശീലനത്തിനായി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാനതലത്തിൽ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിൽ 7 ന് രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. അതിനോട് അനുബന്ധമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും, ബി.ആർ.സി., സി.ആർ.സി. കളെയും യോഗം കൂടി അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് നടക്കും.

അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നേടുന്നതിന് മുമ്പായി തന്നെ അതത് ക്ലാസ്സിൽ കുട്ടികൾ നേടേണ്ട അടിസ്ഥാന ശേഷികൾ ആർജ്ജിച്ചു എന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഇത്തരത്തിൽ അധിക പിന്തുണ ക്ലാസ്സുകൾ നൽകുന്നത് നിരീക്ഷിക്കുന്നതിനും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലാതലത്തിൽ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.