ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ വന്യമൃഗ ആക്രമണത്തിനെതിരേ പ്രതിഷേധം ഇരമ്പി

പാറത്തോട് (കാഞ്ഞിരപ്പള്ളി): വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ പ്രതിഷേധം ഇരമ്പി.
ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍, മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണവും നടത്തി.
സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്അധ്യക്ഷതവഹിച്ചു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മോനിപ്പള്ളി, താമരശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, തലശേരി കാര്‍ഷിക ജില്ല ഡറക്ടര്‍ ഫാ. ലൂക്കോസ് മാടശേരി, കോതമംഗലം കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, പാറശാല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, മാവേലിക്കര കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പ്ലാവറക്കുന്നില്‍, ചങ്ങനാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് നാട്ടിലിറങ്ങി മനുഷ്യജീവന് അപകടം വരുത്തുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടികള്‍ ഉടനടി സ്വീകരിക്കണണമെന്ന് ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്‍ഫാം ഉത്തരമേഖല, മധ്യമേഖല, ദക്ഷിണ മേഖല കാര്‍ഷികജില്ലകളുടെ റിപ്പോര്‍ട്ട അവതരണവും ഇന്‍ഫാം സംഘടനയുടെ ശാക്തീകരണ നടപടികളും വരും വര്‍ഷത്തില്‍ ഇന്‍ഫാം നടപ്പിലാക്കുന്ന കര്‍ഷക ക്ഷേമ പദ്ധതികളും അസംബ്ലിയില്‍ അവതരിപ്പിച്ചു.
ഫോട്ടോ....
കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്‌മെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലി ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യുന്നു. മാത്യു മാമ്പറമ്പില്‍, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. ജോസഫ് കാവനാടിയില്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ജോസ് ഇടപ്പാട്ട്, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ സമീപം.
വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്
വനം മന്ത്രി രാജി വയ്ക്കണം:
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജി വയ്ക്കണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പാറത്തോട് മലനാട് ഡവലപ്‌മെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ തമസ്‌കരിക്കുന്ന കാഴ്ചയാണ് അടുത്ത ദിവസങ്ങളില്‍ നടന്നുവരുന്നത്. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശമില്ലേ? . നഗരത്തില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ജീവിക്കാന്‍ അവകാശമുള്ളോ? വന്യമൃഗ ആക്രമണം തടയാനുള്ള ഉത്തരവാദിത്വം വനപാലകര്‍ക്കാണ്. പകരം കര്‍ഷകരെ ആക്രമിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇവിടെയൊരു സര്‍ക്കാരുണ്ടോയെന്നും ഇവിടെയൊരു ഭരണ സംവിധാനം ഉണ്ടോയെന്നുംഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടോയെന്നുമറിയണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഒരുമിച്ച് മുന്നേറണമെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ല: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. പ്രശ്‌നത്തില്‍ ഇടപെടേണ്ട സര്‍ക്കാരും വനംവകുപ്പും മന്ത്രിമാരും എവിടെപ്പോയി. എങ്ങനെ ഇവര്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരുടെ ജീവനെക്കുറിച്ച് അധികാരികള്‍ക്ക് ആകുലതയില്ലേ. അവരെ അധികാരത്തിലെത്തിച്ച ജനതയുടെ സ്വരം അവര്‍ കേള്‍ക്കുന്നില്ല. ഉത്തരവാദിത്വം ബന്ധപ്പെട്ട സര്‍ക്കാരും മന്ത്രിമാരും ഏറ്റെടുക്കണം. വനംവകുപ്പിനും കൃഷിവകുപ്പിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്വമുണ്ട്. വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം രാജിവച്ച് പുറത്തുപോകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പ് തികഞ്ഞ പരാജയം:
മുഖ്യമന്ത്രി ഇടപെടണം: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണം തടയുന്നതില്‍ വനംവകുപ്പ് തികഞ്ഞ പരാജയമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സത്വരമായ ഇടപെടല്‍ നടത്തണം. വന്യമൃഗ ആക്രമണത്തില്‍ പൊലിയുന്ന ജീവനുകളെ നഷ്ടപരിഹാരത്തുകയുടെ മൂല്യത്തില്‍ നിസാരവത്കരിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം. നിരന്തരം ഉണ്ടാകുന്ന വന്യമൃഗ സംഘര്‍ഷത്തിലൂടെ നിരവധി ജീവനുകളാണ് സംസ്ഥാനത്ത് പൊലിയുന്നത്. ഇത് തടയുന്നതിന് ക്രിയാത്മകമായ നടപടികളെടുക്കാത്ത ജനപ്രതിനിധികളും സര്‍ക്കാരും അക്ഷന്തവ്യമായ കൃത്യവിലോപമാണ് കാണിക്കുന്നത്. നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട നിഷ്‌കളങ്കരായ മനുഷ്യരുടെ രോദനം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരന്തരം സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇനിയും ക്രിയാത്മകമായ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുന്ന ഈ ശൈലി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത നടപടി അപലപനീയം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.
സമര പരിപാടികളുമായി ഇന്‍ഫാം മുന്നിട്ടിറങ്ങും
പാറത്തോട്: ക്രിയാത്മകമായ നടപടികളെടുത്ത് മനുഷ്യജീവനും സ്വത്തിനും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ കേരളം മുഴുവന്‍ സമര പരിപാടികളുമായി ഇന്‍ഫാം മുന്നിട്ടിറങ്ങുമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് അറിയിച്ചു.
****************
പ്രമേയം
സര്‍ക്കാര്‍ നിസംഗത വെടിയണം
വനത്തിനു സമീപം താമസിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. വന്യമൃഗ ശല്യംമൂലം സമാധാനപരമായി ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉടലെടുത്തിരിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാലു നിഷ്‌കളങ്ക മനുഷ്യ ജീവിതങ്ങളാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഹനിക്കപ്പെട്ടത്. ഈ ഭീതിജനകമായ അവസ്ഥയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. മരണപ്പെടുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കാതെ വന്യജീവി ആക്രമണത്തിനെതിരെ ശാശ്വതമായ പരിഹാരം കാണേണ്ടതായിട്ടുണ്ട്. വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് നാട്ടിലിറങ്ങി മനുഷ്യജീവന് അപകടം വരുത്തുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടികള്‍ ഉടനടി സ്വീകരിക്കണം. വന്യമൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തില്‍ തന്നെ സുലഭമായി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വന്യജീവികള്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത് ഇനിയും ഒരു മനുഷ്യജീവന്‍ പോലും പൊലിയാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ആവശ്യപ്പടുന്നു.
പ്രമേയം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ അവതരിപ്പിച്ചു.