ഇന്ത്യ X ഓസീസ് രണ്ടാം ടെസ്‌റ്റ് നാളെമുതൽ
ബോർഡർ ഗാവസ്‌കർ ട്രോഫിക്കായുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാം ടെസ്‌റ്റ് നാളെ
അഡ്‌ലെയ്‌ഡ് : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്‌റ്റ് നാളെ അഡ്‌ലെയ്‌ഡ് ഓവലിൽ തുടങ്ങും. ബോർഡർ ഗാവസ്‌കർ ട്രോഫിക്കായുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാം ടെസ്‌റ്റാണ്. പകൽ–-രാത്രി മത്സരത്തിൽ പിങ്ക് പന്താണ് ഉപയോഗിക്കുക. പെർത്തിൽ നടന്ന ആദ്യ ടെസ്‌റ്റ് ഇന്ത്യ 295 റണ്ണിന് ജയിച്ചിരുന്നു. പിങ്ക് പന്തിൽ 23–-ാം ടെസ്‌റ്റ് മത്സരമാണ്. ഇന്ത്യയുടെ അഞ്ചാമത്തേത്. വിദേശത്ത് രണ്ടാമത്തെ പിങ്ക് ടെസ്‌റ്റാണ് ഇന്ത്യക്ക്. ആദ്യത്തേത് നടുക്കുന്ന ഓർമയാണ്. 2020ൽ ഇതേ വേദിയിലായിരുന്നു മത്സരം. ഓസ്‌ട്രേലിയക്കെതിരെ 36 റണ്ണിന് പുറത്തായ ദയനീയ ചിത്രം ഇപ്പോഴും വേട്ടയാടുന്നു. വിരാട് കോഹ്‌ലി ക്യാപ്‌റ്റനായ ടീം എട്ട് വിക്കറ്റിനാണ് തോറ്റത്. വീണ്ടും അഡ്‌ലെയ്‌ഡിൽ പിങ്ക് പന്തുമായി ഓസ്‌ട്രേലിയ എത്തുമ്പോൾ ഇന്ത്യൻ ബാറ്റർമാർക്ക് ചങ്കിടിപ്പേറും. ഇന്ത്യ കളിച്ച ബാക്കി മൂന്ന് പിങ്ക് ടെസ്‌റ്റുകളും നാട്ടിലാണ്. മൂന്നിലും അനായാസജയമായിരുന്നു.