'ശുചിത്വപാലനത്തിനും ഒ.ആർ.എസ്. ഉപയോഗത്തിനും ശ്രദ്ധ നൽകാം';രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്
വയറിളക്കരോഗങ്ങൾ പ്രതിരോധിക്കാം, ശുചിത്വപാലനത്തിനും ഒ.ആർ.എസ്. ഉപയോഗത്തിനും ശ്രദ്ധ നൽകാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം
കണ്ണൂർ: വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്. ‘വയറിളക്കരോഗങ്ങൾ പ്രതിരോധിക്കാം, ശുചിത്വപാലനത്തിനും ഒ.ആർ.എസ്. ഉപയോഗത്തിനും ശ്രദ്ധ നൽകാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.ജൂലായ് 29-നാണ് ലോക ഒ.ആർ.എസ്. (ഓറൽ റിഹൈഡ്രേഷൻ സൊല്യൂഷൻ) ദിനമായി ആചരിക്കുന്നത്. സ്റ്റോപ്പ് ഡയറിയ കാമ്പയിൻ 2024-ന്റെ ആരംഭവും ലോക ഒ.ആർ.എസ്. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.ദേവിക അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിലെ ജില്ലാ എജുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർമാരായ ടി.സുധീഷ്, എസ്.എസ്.ആർദ്ര, യു.ബിൻസി രവീന്ദ്രൻ, മൂത്തേടത്ത് ഹൈസ്കൂൾ ഡെപ്യൂട്ടി പ്രഥമാധ്യാപിക ശ്രീജ, സീനിയർ അധ്യാപിക ശാന്ത എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സി.സച്ചിൻ ജലജന്യരോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് അഞ്ചുവയസ്സിന് താഴെയുള്ള നാലുലക്ഷത്തോളം കുട്ടികളും അഞ്ചുമുതൽ ഒൻപതുവരെ വയസ്സുള്ള 50,000-ത്തോളം കുട്ടികളും ഓരോവർഷവും വയറിളക്കംമൂലം മരിക്കുന്നു. വയറിളക്കത്തിലൂടെയുള്ള നിർജലീകരണവും ലവണനഷ്ടവുമാണ് കാരണം. അതിനാൽ കൃത്യമായ അളവിൽ ലവണങ്ങളടങ്ങിയ പാനീയചികിത്സ നൽകണം.
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങവെള്ളം, മോരുംവെള്ളം എന്നിവ ഉപയോഗിക്കാം. ഇത് ഒരുപരിധിവരെ നിർജലീകരണം തടയും. എങ്കിലും ലവണനഷ്ടം പൂർണമായും കുറയ്ക്കുന്നില്ല. ഇവിടെയാണ് ഒ.ആർ.എസിന്റെ പ്രാധാന്യം.