ഗവൺമെൻ്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് അടിമാലിയിൽ തുടക്കം

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് സംഘടിപ്പിക്കുന്ന ഗവൺമെൻ്റ് പദ്ധതികളെക്കുറിച്ചുള്ള ത്രിദിന ബോധവത്കരണ പരിപാടിക്ക് അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സോമൻ ചെല്ലപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൗമ്യ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ബിന്ദു രാജേഷ്, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അനസ് ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി ലാലു, വാർഡ് മെമ്പർ ശ്രീമതി രഞ്ജിത, ഇടുക്കി ജില്ലാ ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു പി .ജി , സി .ബി .സി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ശ്രീ അബ്ദു മനാഫ്, സി.ബി.സി ഉദ്യോഗസ്ഥ ഹനീഫ് എന്നിവർ സംസാരിച്ചു. സംയോജിത ശിശു വികസന വകുപ്പിന്റെ അടിമാലി മെയിൻ, അടിമാലി അഡീഷണൽ യൂണിറ്റുകളുമായി ചേർന്ന് സഹകരിച്ചാണ് പരിപാടി നടത്തുന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന പഠന ക്ലാസുകൾ, ഫോട്ടോ പ്രദർശനം, വിവിധ ഗവൺമെൻ്റ് ഡിപ്പാർട്ട്മെന്റുകളുടെ പ്രദർശന സ്റ്റാളുകൾ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യം, ബാങ്ക് കെവൈസി പുതുക്കുന്നതിനുള്ള അവസരം, ആധാർ സേവനങ്ങൾ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഐ.സി.ഡി.എസ് ജീവനക്കാർക്കായി ആരോഗ്യ ഭക്ഷണ പ്രദർശന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കലാപരിപാടികളും അരങ്ങേറും. പരിപാടി സെപ്റ്റംബർ 26 വരെ തുടരും.