സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
ഒരു പവൻ സ്വർണത്തിന് 66,880 രൂപ

കൊച്ചി : സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.
വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റിക്കാർഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.
പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.