നാടൻ കലകൾ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം: മുഖ്യമന്ത്രി

പൈതൃക ടൂറിസത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കും

Jul 5, 2024
നാടൻ കലകൾ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം: മുഖ്യമന്ത്രി
folk-arts-are-the-spirit-of-survival-cm

 തിരുവനന്തപുരം : ജനതകളുടെ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടൻകലകളെ സംരക്ഷിക്കുക എന്നതിനർത്ഥം നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നതാണ്.  അതുകൊണ്ടുതന്നെ അത്തരം കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അതിജീവനത്തിനും വേണ്ടതു ചെയ്യണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരു നാട്ടിൽ നിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആ സമയത്ത് ചിലർ വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളീയത്തിൽ പങ്കെടുക്കാൻ ആളുണ്ടാവില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യദിവസം മുതൽ തന്നെ 30 വേദികളിലേക്കുമുണ്ടായ ആളൊഴുക്ക്. ഓരോ ദിവസവും ഏതാണ്ട് മൂന്നുലക്ഷം പേരാണ് കേരളീയത്തിൽ പങ്കെടുക്കാനായി നഗരത്തിലേക്കെത്തിയത്.ഒരു ആരോപണവും വിലപ്പോകാതെ വന്നപ്പോൾ കേരളീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച ‘ആദിമം’ എന്ന പരിപാടിയെ അവർ ആക്രമിച്ചു. ആദിവാസികളെ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. അതിനെതിരെ ആദിവാസി കലാകാരന്മാർ തന്നെ രംഗത്തെത്തി. കേരള സർക്കാർ, ഫോക്‌ലോർ അക്കാദമിയിലൂടെ നൽകുന്ന അവസരങ്ങളും ആനുകൂല്യങ്ങളും അവർ അക്കമിട്ടുനിരത്തി. കേരളീയത്തിൽ നിന്ന് ആദിവാസികൾക്കും ആദിവാസി കലകൾക്കും ലഭിച്ച സ്വീകാര്യത അവർ വ്യക്തമാക്കി. അങ്ങനെ സർക്കാരിനെ കരിവാരിത്തേക്കുവാനുള്ള ചിലരുടെ അവസാന ശ്രമവും വൃഥാവിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സമരാധിഷ്ഠിത സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പേരുകൂടിയാണ് ഫോക്‌ലോർ എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം രൂപയും വെങ്കല ശിൽപവും കീർത്തിപത്രവും ഉൾപ്പെടുന്ന പി.കെ കാളൻ പുരസ്‌കാരം ചിമ്മാനക്കളി ആചാര്യൻ കെ. കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. അസുഖബാധിതനായ അദ്ദേഹത്തിന് പകരം മകളുടെ ഭർത്താവാണ് പുരസ്‌കാരം സ്വീകരിച്ചത്.

തുടർന്ന് 157 കലാകാരന്മാർക്കുള്ള അക്കാദമി അവാർഡ് സമർപ്പണം വേദിയിൽ നടന്നു. 11 ഫെലോഷിപ്പുകൾ, 14 ഗുരുപൂജ, 107 അവാർഡുകൾ, 17 യുവ പ്രതിഭ, 2 ഗ്രന്ഥരചന, 1 ഡോക്യുമെന്ററി, 5 എം എ ഫോക് ലോർ എന്നിവ ഉൾപ്പെടെ 157 പുരസ്‌കാരങ്ങളാണ് വേദിയിൽ വിതരണം ചെയ്തത്. വി.കെ പ്രശാന്ത് എം.എൽ.എ, കെ.വി സുമേഷ് എംഎൽഎ എന്നിവർ വിശിഷ്ട സാന്നിധ്യമായി.

സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, തെയ്യം കലാകാരൻ ഇ പി നാരായണൻ പെരുവണ്ണാൻ, ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, കെ വി കുഞ്ഞിരാമൻ, പ്രസീത ചാലക്കുടി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി എ വി അജയകുമാർ നന്ദിയും പറഞ്ഞു. പുരസ്‌കാരസമർപ്പണ സന്ധ്യയോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണി മുതൽ നാടൻപാട്ടും നാടൻ കലകളുടെ അവതരണവും നടന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.