കര്‍ഷകമക്കള്‍ക്ക് ആദരവേകി ഇന്‍ഫാം എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ മക്കളെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ ഈ നാടിനോടും മണ്ണിനോടും പ്രതിബദ്ധത ഉള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ ഈ നാട്ടില്‍ തന്നെയുള്ള തൊഴില്‍ സാധ്യതകള്‍ സ്വയം കണ്ടെത്തണം. അവര്‍ സംരംഭകരും തൊഴില്‍ ദാതാക്കളും ആകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികള്‍ക്കിടയിലും തിളക്കമാര്‍ന്ന വിജയം നേടിയ കുട്ടികള്‍, കാലഭേദമെന്യേ വിലമതിക്കപ്പെടുന്ന രത്‌നങ്ങളാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. വരും തലമുറയില്‍ കാര്‍ഷിക മേഖലയില്‍ നവീകരണങ്ങള്‍ കൊണ്ടുവരുന്നതിനും സുസ്ഥിരത ആര്‍ജിക്കുന്നതിനും തങ്ങളുടെ സമൂഹത്തെ സഹായിക്കുന്ന ഗവേഷകരും നയരൂപീകരണക്കാരും മാര്‍ഗദര്‍ശികളുമായിരിക്കട്ടെ ഇവര്‍ എന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. ദാമോദരന്‍, കേരള സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ പുളിക്കക്കണ്ടത്തില്‍, ഇന്‍ഫാം പാറശാല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും ഫലകങ്ങളും കൂടാതെ മറ്റു സമ്മാനങ്ങളും നല്‍കി. ഇന്‍ഫാം കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, പാറശാല കാര്‍ഷികജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ തേനി, ദിണ്ഡികല്‍, മധുര കാര്‍ഷിക ജില്ലകളില്‍ നിന്നുമുള്ള 239 കുട്ടികളാണ് അവാര്‍ഡിന് അര്‍ഹരായത്.