സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തൊഴിൽ രംഗം ശക്തിപ്പെടുത്തണം: മന്ത്രി വി.ശിവൻകുട്ടി

ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ - സാങ്കേതിക രംഗങ്ങളിൽ ദ്രുതഗതിയിലുണ്ടായ വളർച്ച തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതകളനുസരിച്ച് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു, മന്ത്രി വി.ശിവൻകുട്ടി

Sep 7, 2024
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തൊഴിൽ രംഗം ശക്തിപ്പെടുത്തണം: മന്ത്രി വി.ശിവൻകുട്ടി
v -sivankutty

തിരുവനന്തപുരം : സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തൊഴിൽ രംഗം ശക്തിപ്പെടുത്തണമെന്നും ഈ ലക്ഷ്യത്തോടെയാണ് സർക്കാർ സൗജന്യ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വഴുതക്കാട് വിമെൻസ് കോളേജിൽ സംഘടിപ്പിച്ച നിയുക്തി 2024 മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

വിദ്യാഭ്യാസം, തൊഴിൽ, ശാസ്ത്രം , സാങ്കേതികം, ആരോഗ്യം  തുടങ്ങി നിരവധി മേഖലകളിൽ കേരളം മികവു പ്രകടിപ്പിച്ചിട്ടുണ്ട്.  ഇത്തരം മുന്നേറ്റങ്ങൾക്കൊപ്പം തന്നെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കേരളം ബദ്ധശ്രദ്ധരാണെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ - സാങ്കേതിക രംഗങ്ങളിൽ ദ്രുതഗതിയിലുണ്ടായ വളർച്ച തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതകളനുസരിച്ച് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സർക്കാർ മേഖലയിലെ തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിൽ മേഖലയിലെ മാറി വരുന്ന പ്രവണതകൾ മനസിലാക്കി, ലഭ്യമായ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഉതകുന്ന തൊഴിൽ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ എംപ്ലോയ്മെന്റ്  വകുപ്പ് മുഖേന നിയുക്തി മെഗാതൊഴിൽമേളകൾ ആരംഭിച്ചിട്ടുള്ളതെന്നും സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേ വേദിയിൽ കൊണ്ട് വന്ന് പരമാവധി തൊഴിൽ നേടിയെടുക്കുവാൻ സഹായിക്കുകയാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽ മേളകളിലൂടെ ഇതുവരെ 34,741 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 24,55,453 ഉദ്യോഗാർത്ഥികളാണ് നിലവിൽ  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്.  

വിമെൻസ് കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ ടെക്‌നോപാർക്ക്, ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 70 പ്രമുഖ കമ്പനികളാണ് വിമെൻസ് കോളേജിൽ നടക്കുന്ന നിയുക്തി തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. എസ്.എസ്.എൽ.സി , പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്‌സിങ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ തുടങ്ങിയ വിവിധ യോഗ്യത ഉള്ളവർക്കാണ് തൊഴിൽ മേളയിൽ അവസരമൊരുക്കിയിരിക്കുന്നത്. 5000 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്.  

ആന്റണി രാജു എം.എൽ.എ അധ്യക്ഷനായിരുന്നു. വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ,  എംപ്ലോയ്മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ മോഹൻദാസ് പി.കെ, തിരുവനന്തപുരം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അശ്വതി ജി.ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.