പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ഹൈക്കോടതി ശരിവച്ചു
വധശിക്ഷയില്‍നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്കിയ അപ്പീല്‍ കോടതി തള്ളി.
കൊച്ചി: പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷയില്‍നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്കിയ അപ്പീല്‍ കോടതി തള്ളി.ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ്. മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയാണെന്നാണ് വിധി പ്രസ്താവനത്തിനിടെ ഹെെക്കോടതി പറഞ്ഞത്. നിയമ വിദ്യാര്‍ഥിനിയെ വധക്കേസ് ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.ദൃസാക്ഷികളില്ലാത്ത കേസില്‍ പോലീസ് തന്നെ കുറ്റക്കാരനാക്കുകയായിരുന്നു എന്നാണ് പ്രതിയുടെ നിലപാട്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരേ വിചാരണക്കോടതി പരിഗണിച്ചതെന്നുമായിരുന്നു അമീറൂളിന്റെ വാദം.കൊല്ലപ്പെടും മുമ്പ് നിയമ വിദ്യാര്‍ഥിനി പ്രതിയുടെ കൈയില്‍ പിടിച്ചിരുന്നു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്‍എ ഒന്നായിരുന്നു. അമീറുളിന്റെ രക്തം യുവതിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ചിരുന്നു. പ്രതിയുടെ ചെരുപ്പില്‍ നിന്നും നിയമ വിദ്യാര്‍ഥിനിയുടെ ഡിഎന്‍എ കണ്ടെത്തിയിരുന്നു. മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്നും യുവതിയുടെ ഡിഎന്‍എ കണ്ടെത്തി. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് പ്രൊസിക്യൂഷന് പ്രതിക്ക് വധശിക്ഷ ഉറപ്പുവരുത്തിയത്.