ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷന് അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന്
മൃതദേഹം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ചു.
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷന് അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍) മൃതദേഹം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ചു.അമേരിക്കയിലെ ഡാളസില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ ഭൗതികശരീരം കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിലാപയാത്ര ആലപ്പുഴ വഴിയാണ് സ്വദേശമായ നിരണത്തെത്തിയത്. ഹരിപ്പാട് നഗരസഭ കവാടത്തില്‍ ചെയര്മാന് കെ.കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.പത്തനംതിട്ട ജില്ലാഅതിര്‍ത്തിയായ വീയപുരത്ത് മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കെ. പി. യോഹന്നാന്റെ ജന്മസ്ഥലമായ നിരണത്ത് വൈകുന്നേരം മൃതദേഹം എത്തിച്ചു. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ജനപ്രതിനിധികളടക്കം നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം പൂര്‍ത്തീകരിച്ചശേഷം തിരുവല്ലയിലേക്ക് വിലാപയാത്ര തുടര്‍ന്നു. കടപ്ര വഴി തിരുവല്ല കെഎസ്ആര്‍ടിസി കോര്‍ണറില്‍ തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷ അനു ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.രാത്രിയില്‍ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെത്തി. മൃതദേഹം ഇന്ന് രാവിലെ ഒമ്പതു മുതല്‍ ബിലീവേഴ്സ് കണ്വന്ഷൻ സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധതുറകളില്പെട്ടവര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷയുടെ ഏഴാംഘട്ടം ആരംഭിക്കും. 10ന് ബിലീവേഴ്സ് കത്തീഡ്രലിലേക്ക് ഭൗതികശരീരം കൊണ്ടുവരും. പതിനൊന്നോടെയാണ് സംസ്കാരം.