അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 21നു നടക്കും. അവധി ദിവസമായ 21നു ഞായറാഴ്ചയാണ് പുതിയ തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വൈകാതെ പുറത്തിറക്കും.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധിദിവസമായിട്ടും 21നു പുതിയ ഭരണസമിതി നിലവിൽ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യയോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുൻപ് കൊണ്ടു വന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവിൽ വന്ന ശേഷം ആദ്യയോഗം ചേരും.
ഓരോ തദ്ദേശ സ്ഥാപനത്തിലും ജയിച്ച മുതിർന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിനു മുന്നിലാണ് മറ്റുള്ളവർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.
ആദ്യയോഗത്തിലാണ് തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അജൻഡ സെക്രട്ടറി അവതരിപ്പിക്കേണ്ടത്.
കോർപറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭകളിൽ ചെയർമാൻ, വൈസ് ചെയർമാൻ ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് യോഗം തീരുമാനിക്കും.
തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷസ്ഥാനത്തേക്കും ഉച്ചയ്ക്കുശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പു നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നൽകിയാണ് തെരഞ്ഞെടുപ്പു നടത്തേണ്ടത്. ഇതിനാൽ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകൾ നടക്കുക.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇതിനു ശേഷമാകും നടക്കുക. ജനുവരി ആദ്യമാകും തദ്ദേശ സ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നടക്കുക


