കലവൂരിലെ വയോധികയുടെ കൊലപാതകം: പ്രതികൾ പിടിയിൽ
സുഭദ്ര കൊലക്കേസ്: മാത്യൂസും ശര്‍മിളയും മണിപ്പാലിൽ പിടിയിൽ, പ്രതികളുമായി പോലീസ് കേരളത്തിലേക്ക്

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ ശർമിളയും മാത്യൂസും പിടിയിലായത്. എറണാകുളം സൗത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂരിൽ പ്രതികൾ താമസിച്ചിരുന്ന വാടക വീടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിലായിരുന്നു.
കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇവർ ഉഡുപ്പിക്കടുത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേകസംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. സുഭദ്രയുടെ ആഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വച്ചതായും കണ്ടെത്തി.
മാരാരിക്കുളം തെക്ക്പഞ്ചായത്ത് കോർത്തുശേരി ക്ഷേത്രത്തിന് സമീപം വീടിന് പിന്നിലെ ശുചിമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തിൽ കാട്ടൂർ സ്വദേശി ജിതിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.