കിളിയൂരിൽ വയോധികനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി
സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കുന്നില്ല: അച്ഛനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : കിളിയൂരിൽ വയോധികനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കിളിയൂർ ചരുവിളാകം ബംഗ്ലാവിൽ ജോസാണ്(70) മരിച്ചത്. മകൻ പ്രിജിൻ(29) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴം രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് ജോസിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് ബോധരഹിതയായ സുഷമയെ പ്രദേശവാസികൾ വെള്ളറടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടി പൂർത്തിയാക്കിയതിനുശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്.
ചൈനയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്ന പ്രജിൻ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കോവിഡിനെത്തുടർന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിലായിരുന്നു കൂടുതൽ സമയവും. ഇയാൾ വീടിന് പുറത്തിറങ്ങാറില്ലെന്നും മറ്റാരുമായും സംസാരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. സ്വതന്ത്രനായി ജീവിക്കാൻ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്. ലഹരിക്ക് അടിമയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജോസ് വർഷങ്ങളായി കിളിയൂരിൽ ബ്രദേഴ്സ് ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. മകൾ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം.