സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു
എഴുപത്തിരണ്ട് വയസായിരുന്നു
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു . എഴുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19ന് ആണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രോഗം ഗുരുതരമായതിന് പിന്നാലെ പാർട്ടി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.സീമ ചിസ്തിയാണ് ഭാര്യ. ഇന്ദ്രാണി മജുംദാറാണ് ആദ്യ ഭാര്യ. മകൻ: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി.
1952 ആഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ( ഇപ്പോഴത്തെ ചെന്നൈയിൽ) സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദിൽ വളർന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഓൾ സെയിന്റ്സ് ഹൈസ്‌കൂളിൽ പഠിച്ചു. ശേഷം ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. പിന്നീട് സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് ഭാര്യ.
1974ൽ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെഎൻയുവിലെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യെച്ചൂരിയെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
1978 ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വർഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. 1984ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി. വലതുപക്ഷത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്ന കൂട്ടുകെട്ടുകളോട് താൽപ്പര്യമുള്ള ആളായിട്ടാണ് യെച്ചൂരിയെ കാണുന്നത്.